Thursday, December 5, 2013

പാസ് വേർഡ്‌ ..

അവൻ അവളെ ആദ്യം കണ്ടു, പിന്നെ അവൾ അവനെയും, പിന്നീട് അവരുടെ വീട്ടുകാരും.

വീട്ടിൽ ഉപ്പാപ്പ കൽപ്പിച്ചു, " കല്യാണം വരെ ഫോണ്‍ വിളിയൊന്നും വേണ്ട".

"അവൻ വന്നു വിളിച്ചാൽ കറങ്ങാനോന്നും പോയേക്കല്ല. അതെല്ലാം കല്യാണം കഴിഞ്ഞു മതി", ആങ്ങളയുടെ വക.

അപ്പോൾ ബാപ്പ " ഉറച്ച കല്യാണം വരെ മുടങ്ങി പോകുന്നു, കല്യാണം കഴിയുന്നത്‌ വരെ മനസ്സില് ആദിയാ".

ഇതെല്ലാം കേട്ട്കൊണ്ട് മകൾ "നിങ്ങളാരും ഒന്ന്  കൊണ്ടും പേടിക്കേണ്ട, കല്യാണം എന്തായാലും നടക്കും".

എല്ലാവരും പരസ്പരവും അവളെയും തുറിച്ചു നോക്കി.

അവൾ പറഞ്ഞു "ഞങ്ങൾ പരസ്പരം കൈമാറി".

അത് കേട്ടതും ഉമ്മ ചൂലുമായി പാഞ്ഞു വന്നു. എന്തോന്നാടി കൈമാറിയത്.
അപ്പോൾ അവൾ വിറച്ചു കൊണ്ട് മൊഴിഞ്ഞു.

 " ഫേസ് ബുക്ക്‌ പാസ്സ് വേർഡ്‌ " 

Thursday, August 29, 2013

90 കൊട്ട .. വീണ്ടും 90 കൊട്ട ...

You are kindly requested to issue a cheque of  AED 30,000/- in the name of  Mr............. ,  against labour department to provide 90 employees kotta in Labour Dept.

Thanks and Regards
............
Hr Dept.

രാവിലെ തന്നെ ഉറക്കചെവിടോടെ ഓഫീസിൽ എത്തിയപ്പോൾ എന്റെ കണ്മുന്നിൽ ആദ്യം പെട്ട മെമ്മോ. ഹോ പാവം ലേബർ ഡിപ്പാർറ്റ്മെന്റ്. ഇപ്പോൾ കൊട്ട കച്ചവടവും തുടങ്ങി. ആഗോള സാമ്പത്തിക മാന്ദ്യം അവരെ ഇത്രത്തോളം ആക്കിയ കാര്യം അറിഞ്ഞില്ല. പണ്ട് മെലിഞ്ഞൊട്ടിയ വയറും, നെഞ്ചിൻ കൂടുകളുമായി  കൊട്ട വിൽക്കാൻ വരുന്ന നാരായണിയുടെയും, ഗോപാലന്റെയും സ്ഥാനത്ത് ഞാൻ ഇവിടെയുള്ള അറബികളെയും അറബിച്ചികളെയും കണ്ടു ആർത്തു ചിരിച്ചു. എന്റെ ചിരികണ്ട് സഹപ്രവർത്തകർ അവിടെ നിന്നും ഇവിടെ നിന്നും മൊക്കെ തലപോക്കി ഇവന് ഭ്രാന്തായോ എന്നർത്ഥത്തിൽ വീണ്ടും ഫേസ് ബുക്കിലേക്ക് തല താഴ്ത്തി. 

പെട്ടെന്ന് ഞാൻ സ്വപ്ന ലോകത്ത് നിന്ന് തിരിച്ചു വന്നു. എന്റെ രണ്ട് കണ്ണുകളും മേശമേൽ വീണു. റബ്ബിൽ ആലമീനായ തമ്പുരാനെ നാം എന്താ ഈ കാണുന്നെ 90 കൊട്ടക്ക് മുപ്പതിനായിരം ദിർഹമോ, മനുഷ്യനെ മുടിപ്പിക്കുന്നതിനു ഒരു കണക്കില്ലേ. ഞാനിതങ്ങനെ അക്കൌണ്ട് ചെയ്യും. ഡെബിറ്റ് കോട്ട. ക്രെഡിറ്റ് പെട്ടി കാശ് ...  ഡെബിറ്റ് പെട്ടി കാശ് ... ക്രെഡിറ്റ് ബാങ്ക് . ഇനി ഈ കൊട്ട എന്തെന്ന് ഒഡിറ്റെർ ചോദിച്ചാൽ ഞാനെന്തു മറുപടി പറയും. ജിഞ്ചർ കടിച്ച മങ്കി യെ പോലെ ഞാൻ അങ്ങനെ ഇരിക്കുമ്പോൾ അതാ അടുത്ത മേമ്മോയുമായി ഓഫീസ് ബോയ്‌ വരുന്നു. 

You are kindly requested to issue a cheque of  AED 57,000/- in the name of  Mr............. ,  against labour department to provide 90 employees kotta in Labour Dept.

Thanks and Regards
............
Hr Dept.

ഹെന്റെ പടച്ചോനെ എന്നെ അങ്ങ് കൊന്നെ ... വീണ്ടും കൊട്ട ...... ഈ ലേബർ ഡിപാർട്ട് മെന്റിനെന്താ കൊട്ട കച്ചവടം മാത്രമേ ഉള്ളു. ഇതാ ഇപ്പോൾ ഇന്ത്യൻ രൂപ യുടെ മൂല്യം ഇടിഞ്ഞത് കാരണം ഇന്ത്യക്കാർ മൊത്തം കാശ് നാട്ടിൽ അയക്കുന്നത് അറബി അറിഞ്ഞു കാണും. അത് കൊണ്ട് കൊട്ടക്ക്  വില കൂട്ടിയിരിക്കുന്നു. ഹോ എന്നാലും ഈ അറബികളെ സമ്മതിക്കണം.

പിന്നെയും സംശയം ബാക്കി ഈ ലേബർ ഡിപ്പാർട്ട്മെന്റ് കൊട്ട വില്ക്കോ. വിറ്റാലും  ഇത്ര പൈസക്കൊക്കെ വില്ക്കോ. ഇത്രയും കോട്ട HR എന്തിനാ. ഏതായാലും ഫോണ്‍ വിളിച്ചു നോക്കാം. ആരെ വിളിക്കും. 3 മിസ്രി, 1 ഫിലിപ്പിനോ, 1 സർദാർ, 1 മല്ലു. മല്ലുവിനെ ഈ കൊട്ട കച്ചവടമൊക്കെ അറിയൂ. മല്ലുവിനെ തന്നെ ആദ്യം വിളിക്കാം. ഡേയ് ഈ കൊട്ട എന്താഡേയ് .. ഹി ഹി ഹീ കൊട്ട എന്താണെന്നരിയില്ലെ ഈ ഓല ഒക്കെ കൊണ്ടുണ്ടാക്കുന്ന, ഇപ്പോൾ ഇവിടെ പ്ലാസ്റ്റിക്‌ കൊണ്ടുള്ള കൊട്ടയും കിട്ടുന്നുണ്ട്‌. എന്റെ മുഖം ചുവന്നു തുടുത്ത്  ഞാൻ പരഞ്ഞു നീ ആളെ അദികം പഠിപ്പിക്കല്ലേ ഞാൻ ചോദിച്ചത് നിന്റെ വീട്ടിലുള്ള കൊട്ട യുടേ കാര്യമല്ല രാവിലതന്നെ അവിടെ നിന്നും തള്ളി വിട്ട കൊട്ടയുടെ കാര്യമാ... അവൻ പറഞ്ഞു അള്ളാണെ നബിയാണെ ഞാൻ ഒന്നും കൊടുത്തു വിട്ടിട്ടില്ല. അത് വല്ലവരും നിങ്ങളുടെ വീട്ടില് കൊട്ട ഇല്ലത്തതരിഞ്ഞിട്ട് കൊടുത്തു വെട്ടതായിരിക്കും. പിന്നെയും കലിപ്പ്. കലിപ്പ് തീരുന്നില്ലല്ലോ. ഞാൻ അവനോടു വിശദമായി, കുറച്ചു എരിവും പുളിയും കൂടി ചേർത്ത് പറഞ്ഞു. ഹോ ഹോ അദാണോ കാര്യം, ആ സർദാർ ഇന്ന് രാവിലെ അർജെന്റ്റ് പനിയുന്ടെന്നു പറഞ്ഞ് ടൈപ്പ് ചെയ്യുന്ന കണ്ടിരുന്നു. അത് കൊട്ട എല്ലാ Quota യാണ്. Employee  quota with Labour Department 

എന്റെ ചുറ്റുമുള്ള ഭൂമി മൊത്തം കറങ്ങി. എന്നെക്കാൾ നല്ല ആരോഗ്യമുള്ളത് കൊണ്ട് ഞാൻ ഒന്നും ചെയ്തില്ല ആ സിംഗിനെ.. പിന്നെ നമ്മുടെ ഇന്ത്യയെ ഇങ്ങനെ ആക്കിയ മൻ മോഹന്ജിയുടെ നാട്ടുകാരനല്ലേ. ഇത്രയേ പ്രദീക്ഷിക്കെണ്ടു .

Tuesday, August 27, 2013

നഷ്ട്ട കാമുകീ ........ നിനക്ക് വേണ്ടി

ഒരു മാസത്തെ ലീവും, അതിനോട് അനുബന്തിച്ചുള്ള ജോലി  തിരക്കും കാരണം പോസ്റ്റ്‌ വളരെ നീണ്ടു പോയി.

പണ്ട് 1946 ൽ, സോറി 2003 ൽ ഡിഗ്രിയും കഴിഞ്ഞ് അന്തവും കുന്തവുമില്ലാതെ നട്ടം തിരിഞ്ഞു നടക്കുമ്പോൾ, കല്യാണം കഴിക്കാൻ കണ്ടുവെച്ച കാമുകിയുടെ കല്യാണ നിശ്ചയവും, അവളുടെ ഉപ്പയും, ഉമ്മയും  നേരിട്ട് വന്നു നീ അവളുടെ അടുത്ത സുഹ്രത്താണെന്നും നീ കല്യാണത്തിന് എല്ലാ കാര്യത്തിനും മുന്നിൽ  നില്ക്കണമെന്നും കൂടി പറഞ്ഞപ്പോൾ എന്റെ മനസ്സില് ആദ്യം തോന്നിയ വികാരം അടുത്തുള്ള പ്ലാവിൻമേൽ കഴുത്തിൽ കയറിട്ടു  തൂങ്ങി ആടാനാണ് . പണ്ടേ നമ്മള് ഭയങ്കര ധൈര്യശാലി ആയതു കൊണ്ട് ആ പണി  നമ്മളെ കൊണ്ട് പറ്റൂല. ( ഭീരുക്കൾ) ധീരന്മാർ  ആത്മഹത്യ ചെയില്ല എന്ന് ഞാൻ എവിടെയോ വായിച്ചിരിക്കുന്നു. 

പിന്നെ അടുത്തത് ഒളിച്ചോട്ടം, ഉമ്മന്റെയും ഉപ്പന്റെയും അടുത്ത്  നിന്ന്  ജീവിതത്തിൽ മാറി നിന്നിട്ടില്ല. പിന്നയല്ലേ ഒളിച്ചോട്ടം. വിശപ്പിന്റെ അസുഖം ഉള്ളത് കൊണ്ട് സമയത്തിന് ഭക്ഷണം, അത് നിർബന്തമാ. ഒളിചോടിയാൽ വല്ല റെയിൽവേ സ്റ്റെഷനിലെയും പച്ച വെള്ളം കുടിച്ചു ജീവിക്കേണ്ടി വന്നാലോ. അതും നമ്മളെ കൊണ്ട്  പറഞ്ഞ പണിയല്ല. അപ്പോൾ മനസ്സില് ഒരു ബൾബ് കത്തി, കെട്ടു, വീണ്ടു കത്തി പിന്നെ ഫ്യൂസ് ആയി പോയി.

ഏട്ടന് ഒരു കത്തെഴുതാൻ തീരുമാനിച്ചു. നരകത്തിൽ നിന്ന് ചെകുത്താന്റെ അടുത്തെക്ക് ആണെന്നു നല്ലവണ്ണം അറിയാമെങ്കിലും എഴുതി.  ഈ എഴുത്ത് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ആത്മഹത്യ തന്നെയാണ്. അല്ലെങ്കിൽ അതിനപ്പുറം. ഈ ഏട്ടനെ കുറിച്ചും ഏട്ടൻ എനിക്ക് ചെകുത്താനായതിനെ കുറിച്ചും വിശദമായി  വേറെ പോസ്റ്റിൽ എഴുതാം.

കത്തിൽ എഴുത്തിന്റെ തലക്ക് രണ്ടു മാന്തലോട് കൂടി പ്രത്യേകം സൂചിപ്പിച്ചിരുന്നു വിസ കിട്ടുന്നെങ്കിൽ അടുത്ത മാസം 21 നു മുന്പായി കിട്ടണം. അതെന്തിനാണെന്നു എല്ലാവര്ക്കും മനസ്സിലായി കാണും. പറഞ്ഞത് പോലെ തന്നെ പെട്ടെന്ന് വിസ വന്നു. ഇത്രയും പെട്ടെന്ന് വിസ എത്തുമെന്ന് ഞാൻ പോലും കരുതിയില്ല. ഗൾഫിലെത്തിയാൽ എട്ടന് ചാകര തന്നെയായിരിക്കും. എട്ടതിയമ്മ രക്ഷിക്കാൻ എത്തുമായിരിക്കും എന്നുള്ളതാണ് ആകെ സമാധാനം. പറഞ്ഞപോലെ കൃത്യം 20 നു  തന്നെ ടിക്കറ്റ് എടുത്തു.

അങ്ങനെ ഞാനും ഗൾഫിൽ, ഒന്നാം ദിവസം തന്നെ ഏട്ടന്റെ വക പണി തുടങ്ങിയിരുന്നു. എത്തിയത് രാവിലെ 11 മണിക്ക് കശ്മലൻ വൈകുന്നേരം 4 മണിക്ക് ഇന്റർവ്യൂ ശരിയാക്കി വെച്ചിട്ടുണ്ട്. ഇപ്പോൾ എന്റെ അവസ്ഥ പുലിയുടെ മടയിലാനുള്ളത് അതിനകത്ത് സിംഹത്തെ കൂടി  കണ്ടവന്റെതാണ് . അത് ആര്ക്കും പറഞ്ഞാൽ  മനസ്സിലാവില്ല കൈയിൽ  മലയാളം മാത്രം. ഇവിടെ ആർക്കും അറിയാത്തത് അത് മാത്രവും. കരഞ്ഞു പറഞ്ഞു ഇന്റർവ്യൂ 6 മണി വരെ നീട്ടി. 5 മണി മുതൽ ഹൃദയം പട പഡാ എന്നിടിക്കാൻ തുടങ്ങി. അറുക്കാൻ കൊണ്ടു പോവുന്ന  പോത്തിനെ പോലെ എന്നെ വണ്ടിയിലിട്ടു ഏട്ടൻ ഇന്റർവ്യൂ  ഉള്ള കമ്പനി യെ ലക്ഷ്യമാക്കി നീങ്ങി. വണ്ടിയിൽ വെച്ച് എന്റെ ശരീരത്തിലെ ഓരോ കഷ്ണവും പാർട്സ് ആയി മുറിചെടുക്കുന്നുണ്ട്. ഡോർ തുറന്ന് പുറത്തേക്കു ചാടിയാലോ എന്ന് വരെ തോന്നി പോയി.

ഇന്റർവ്യൂ  ചെയ്യുന്നത് ഒരു പക്കാ മിസ്രി. അയാള് എന്തെല്ലോ അറബിക് ഇന്ഗ്ലിഷിൽ ചോദിക്കുന്നു. ഞാൻ എന്തെല്ലോ മലയാളം ഇന്ഗ്ലിഷിൽ മറുപടി പറയുന്നു. സെൻട്രൽ a/c യുടെ നടുവിൽ ഇരുന്നിട്ടും ഞാൻ  വിയർത്തു കുളിക്കുന്നുണ്ട് . ഇന്റർവ്യൂ അവസാനിച്ചു ഉടൻ  അയാൾ ഓഫീസ് ബോയിയോടു  വെള്ളം എനീക്ക് തരുവാൻ  പറഞ്ഞു. ഞാൻ തിരിഞ്ഞു നടക്കുമ്പോൾ അയാള് എന്നെ നോക്കി ചിരിക്കുന്നത് കാണാമായിരുന്നു.

തെറി വിളിയും തിന്നലും, കുടിക്കലുമായി ഒരു മാസം പിന്നിട്ടു. ഒരു ദിവസം ജോബ്‌ ഓഫർ സൈൻ ചെയ്യാൻ ഫോണ്‍ വിളി വന്നു. അടിമ എന്നാ പേപ്പറിൽ ഒപ്പ് വെച്ചു. അങ്ങനെ അനേകം കറവ പശുവിനു നടുവിൽ ഞാനും.

എല്ലാം അവൾ കാരണമല്ലേ എന്നോർക്കുമ്പോൾ...........

Tuesday, June 4, 2013

നായ എല്ല ചെട്ടാ... ഒരു നായിന്റെ മോനാ ........... (അവസാന ഗണ്ഡം)

ജോലി തിരക്ക് കാരണവും മണ്ടയിൽ വെളിച്ചം തെളിയാത്തത് കാരണവും പോസ്റ്റ്‌ സ്വല്പം ലേറ്റ് ആയി വായനക്കാർ സാദരം ക്ഷമിക്കുമല്ലോ.

ആപ്ലിക്കേഷൻ ഫോം വാങ്ങാൻ കോളേജുകൾ തെണ്ടാൻ ഇറങ്ങിയപ്പോയാണ് ഏതോ ഒരു വിദ്യാ ആഭാസൻ മന്ത്രി കോളേജിൽ നിന്നും പ്രീ ഡിഗ്രീ എടുത്തു കളഞ്ഞതായി ഞാൻ അറിയുന്നത് . അത് സ്കൂളിൽ പ്ലസ്‌ 2 ആയി രൂപ പരണാമം സംഭവിച്ചിരിക്കുന്നു. ചതി കൊല ചതി. നിന്നിടത്ത് നിന്ന് ഞാൻ മുദ്രാവാക്യം വിളിച്ചു. മന്ത്രി മന്ത്രി ആഭാസാ.... നിന്നെ പിന്നെ കണ്ടോളാം. മനസ്സില് വിളിച്ചത് കൊണ്ട് എന്നെ കൊല്ലാൻ  ആരും ആളെ അയച്ചില്ല, എന്റെ ഭാഗ്യം.,  ഇപ്പോൾ ജയിലിൽ കിടക്കുന്ന ടി.പി വധത്തിലെ എല്ലാ പുള്ളികളും അന്ന് പുറത്തായിരുന്നു. എന്റെ ശരീരം അടി മുടി വിറക്കാൻ തുടങ്ങി, എന്തെല്ലാമായിരുന്നു.. മലപ്പുറം കത്തി, അമ്പും വില്ലും, പെണ് പിള്ളേർ എല്ലാം പോയി. "ദൈവമേ!!! വീണ്ടും യുണിഫോം വീണ്ടും വടിയും കുന്തവുമായി നടക്കുന്ന 8 മാഷ് , ടീച്ചർ. ഇതിലും നല്ലത് ആ കഷണം കയറിൽ തൂങ്ങുന്നതായിരുന്നു.

ഇനിയാണ് എന്റെ കഥയുടെ ക്ലൈമാക്സ് ആരംഭിക്കുന്നത് . 

കണ്ണൂരിലെ ഒരു പാട് കാമുകീ കാമുകൻ മാർക്ക്  ജന്മം കൊടുത്ത അവരുടെ കണ്ണീരിന്റെയും കഥന കഥകളുടെയും സന്തോഷത്തിന്റെയും ദുഖത്തിന്റെയും ആഹ്ലാദത്തിന്റെയും കഥകൾ ഒരു പാട് പറയാനുള്ള കണ്ണൂര് S .N കോളേജ് തല ഉയർത്തി നില്ക്കുന്നു. ബസ്സിലെ കിളികളും, കോളേജിലെ കിളികളും, കോഴികളും, പഞ്ചാര കുട്ടന്മാരും ഇപ്പോഴും കണ്ടു മുട്ടുന്ന തോട്ടട ബസ്സ്‌ സ്റ്റോപ്പ്‌, അതിനു പിറകിലായി മാഷ്മാരും കുട്ട്യോളും ചായയും ബീഡിയും സിഗരറ്റും വലിച്ചും   വിട്ടും   കത്തിവെക്കുന്ന, ക്ലാസ് കട്ട് ചെയ്യുന്നവരുടെ ഇട താവളമായ പവിത്രെട്ടെന്റെ ചായ പീടിക. ഇത്രയും ആയാൽ മതിയോ തീര്ച്ചയായും പോര. ഇതിനെല്ലാം നടുക്കായി ഭദ്രമായ നാല് മതിൽ കേട്ടിനകത്തു അതെ ഞാൻ  പ്ലസ് 2 ആഭാസത്തിനു ചേർന്ന S .N . ട്രുസ്ടിന്റെ സ്കൂൾ.  അതിൽ നാടിനെയും നാട്ടുകാരെയും വീട്ടുകാരെയും കെട്ട്യൊളെം കുട്ട്യോളെം മൊത്തം വിറപ്പിച്ചു കൈയിൽ  ഒരു ചൂരലുമായി നടക്കുന്ന ബൈജു മാഷ്‌.

കാലം അങ്ങനെ കിടന്നു പോയി, സ്കൂളിൽ നിന്നും എങ്ങനെയെല്ലാം എപ്പോഴെല്ലാം മതില് ചാടാമെന്നും ക്ലാസ് എപ്പോൾ എങ്ങിനെയെല്ലാം കട്ട് ചെയ്യാമെന്നും പഠിച്ചു അതിൽ ഞങ്ങൾ വിധക്തരായി. സ്കൂൾ പിള്ളേരെ വിട്ടു കോളേജ് പെണ്‍ പിള്ളേരെ ലൈൻ അടിച്ചും വലിച്ചും തുടങ്ങി. പവിത്രേട്ടന്റെ കടയിലെ സ്ഥിരം കുസ്റ്റെമെർ ആയി. തോട്ടട ബസ്‌ സ്റ്റൊപ്പിലെ സ്ഥിരം കുറ്റികളായി. മണിക്കൂറുകൾ നീണ്ട വായ്നോട്ടം കണ്ടു ബസ്സ്‌ സ്റ്റൊപിന്റെ കാലുകൾ നാണം കാരണം ദ്രവിച്ചു പോയി. പല സ്ഥലങ്ങളും അടർന്നു വീണു തുടങ്ങി. ഞങ്ങൾ അഞ്ചു പേർ പഞ്ചാര കുനജുമാർ അങ്ങനെ വിലസി കാലങ്ങള നീക്കി.

പെട്ടെന്നൊരു ദിവസം എല്ലാവരെയും നടുക്കി കൊണ്ട്, നാട്ടിലാകെ ആ വാർത്ത പരന്നു.  തോട്ടടയിൽ ഭ്രാന്തൻ നായ ഇറങ്ങിയിരിക്കുന്നു. കുട്ടികൾ, അമ്മമാർ അച്ചന്മാർ അങ്ങനെ പലരെയും കടിച്ചിരിക്കുന്നു. പൊക്കിളിൽ പതിനാലു ഇന്ജക്ഷേനെടുത്തവർ  നാട്ടിൽ നിറയാൻ സാധ്യത ഉണ്ട്. നായയെ ഇതുവരെ കിട്ടിയില്ല. നാട്ടുകാരുടെയും സർക്കാറിന്റെയും നേത്രത്വത്തിൽ തിരച്ചാൽ ശക്തമാക്കിയിരിക്കുന്നു. നമ്മുടെ കഷ്ട്ടകാലം തുടങ്ങി എന്ന് പറഞ്ഞാൽ മതിയല്ലോ. തോട്ടട ബസ്‌ സ്റ്റോപ്പിൽ ആളിറങ്ങാതെ ആയി. ഇറങ്ങിയാൽ തന്നെ വേഗം കോലെജിലേക്ക്  പോയി തുടങ്ങി. പെണ്‍പില്ലെരെ അച്ഛനും ചേട്ടന്മാരും കോളേജിന്റെ മുറ്റത്ത് കൊണ്ട് വിടുന്ന അവസ്ഥ വന്നു. വിരസമായ നാളുകൾ ആകെ രക്ഷ പവിത്രേട്ടന്റെ ചായ പീടിക മാത്രം. ഒരു കോളേജ് ഇന്റർവെൽ സമയം ആളുകളുടെ മനസ്സില് ഭയമുണ്ടെങ്കിലും അത്യാവശ്യം ആളുകള് പുറത്തിറങ്ങി തുടങ്ങിയിരിക്കുന്നു. അന്ന് ഞങ്ങൾ സ്കൂളിന്റെ മതില് ചാടി. പവിത്രേട്ടന്റെ ചായ കടയില എത്തി.

നായയുമായി ബന്ധപ്പെട്ടു സ്കൂളിൽ ശക്തമായ ഉത്തരവുണ്ടായിരുന്നു ആരും ക്ലാസ് സമയം പുറത്തു പോകരുത്.  ക്ലാസ് കയിഞ്ഞാൽ തരിഞ്ഞു കളിക്കാതെ എത്രയും പെട്ടെന്ന് വീട്ടില് എത്തണം. ഇതിനെല്ലാം ചുമതല പെടുത്തിയിരിക്കുന്നത് നമ്മുടെ ബൈജുവിനെയും. നമുക്കെന്തു നായ, നമുക്കെന്തു ബൈജു. ചാടി ഓടി. പവിത്രേട്ടന്റെ പീടികയിൽ സാമാന്യം നല്ല തിരിക്കു. ചായയും കടിയും എത്രയും പെട്ടെന്ന് അകത്താക്കി തിരിച്ചു സ്കൂളിലേക്ക്. പകുതി നടന്നതെയുള്ളു ബൈജു വും സംഘവും സ്കൂളിനു പുറത്തേക്കു വരുന്നു. നമ്മൾ ഉള്ള ശക്തിയുമെടുത്തു പവിത്രേട്ടന്റെ കടയിലേക്ക് തിരിച്ചോടി. പവിത്രേട്ടന്റെ കടയുടെ തൂണും മേശയും കസേരയും ഒക്കെ പിടിച്ചു അഞ്ചു പേരും അകത്തെത്തി. പേടിച്ചു വെപ്രാള പെട്ട് ഓടി അകത്തു കിടന്ന നമ്മളെ കണ്ടതും പവിത്രെട്ടൻ "
എന്താ മക്കളെ നായ ഓടിച്ചോ!!!"  അപ്പോൾ നമ്മൾ അഞ്ചു പേരും ഒരേ സ്വരത്തിൽ "നായ എല്ലാ ചേട്ടാ.. ഒരു നായിന്റെ മോനാ... "  

നായയെയും ബൈജു വിനെയും നന്നായറിയുന്ന പവിത്രെട്ടനടക്കം എല്ലാവരും  പൊട്ടി ചിരിച്ചു, അപ്പോൾ പലരുടെയും മൂക്കിലൂടെയും വായിലൂടെയും ചായ പുറത്തേക്ക്‌ ഒഴുകുന്നുണ്ടായിരുന്നു..



Sunday, May 19, 2013

നായ എല്ല ചെട്ടാ... ഒരു നായിന്റെ മോനാ ........... (രണ്ടാം ഗണ്ഡം)

ലക്ഷക്കണക്കിന്‌ ആരാധകരുടെ അഭ്യർത്ഥന മാനിച്ചു വീണ്ടും ...

അവസാനം ഞാൻ എന്നെ തന്നെ കണ്ടെത്തി. ശശി വീണ്ടും ശശി ആയി, അനേക ലക്ഷം  മുന്നാം ക്ലാസ്സുകാർക്കിടയിൽ അവസാനം ഞാനും. മോഡറെഷൻ കൂടി ഇല്ലായിരുന്നെങ്കിൽ കാണാമായിരുന്നു,  പിറ്റേന്നത്തെ പത്രത്തിൽ തൂങ്ങിയാടിയവരുടെ കൂട്ടത്തിൽ  എന്നെയും കണ്ടേനെ... 4 ബുൾ ഡോസർ പോലുള്ള ഏട്ടന്മാരുടെ ഇടയിൽ തലവെക്കുന്നതിലും  നല്ലത് ഒരു കഷ്ണം കയർ  തന്നെ. 

പോയ അത്രയും ആവേശമില്ലാതെ തിരിച്ചു വരുന്ന എന്നെ കണ്ടു വീട്ടിലുള്ളവർ "എന്തുവാടേയ്  പൊട്ടിയാ".. അപ്പോൾ ഞാൻ മനസ്സില് ഓർത്ത്  "ഹോ .. എന്ത് നല്ല വീട്ടുകാർ, വെറുതെയല്ല ആളുകള് ഭീകരവാധിയും തീവ്രവാധിയുമൊക്കെ ആകുന്നതു".  "ഇല്ല പാസ്സായി". 

ദേ അടുത്തത് വരുന്നു "തേർഡ് ക്ലാസ്സ്‌ ആയിരിക്കും". ഹ്മ്മ് ഞാൻ മൂളി. "നീ അറിയോ എനിക്ക് S S L C ക്ക് ഫാസ്റ്റ് ക്ലാസ് ആയതു കാരണം സർ സയെദ് കോളേജിൽ ഫസ്റ്റ് ചാൻസിൽ അഡ്മിഷൻ ആയിരുന്നു. കാണാൻ ബോബ് കാറ്റ്‌ പൊലെയുള്ളുവെങ്കിലും ബുൾ ഡോസറിന്റെ സൌണ്ടുള്ള ഒരെട്ടൻ പരഞ്ഞു.  ഉടനെ അടുത്തത് വന്നു "എനിക്കും ഫസ്റ്റ് ക്ലാസ്സ്‌ ആയിരുന്നു", ആദ്യത്തെ  S S L C ക്ക്  കൊട്ടതെങ്ങയാണെന്ന കാര്യം ആരും അറിയില്ലെന്നാ വിചാരം. രണ്ടാമത് ഫസ്റ്റ് ക്ലാസ്സ്‌ വാങ്ങാൻ നിങ്ങ വേണാ എന്ന്  ചോദിക്കാൻ നാക്ക് പൊന്തിയതാ എന്റെ ഈ മനോഹര ശരീരം കേരളത്തിലെ റോഡ്‌ പോലെ ആക്കേണ്ട എന്ന് കരുതി ഒന്നും പറഞ്ഞില്ല. 

അമേരിക്കൻ  ഷെല്ലാക്രമണത്തിൽ നിന്ന്  കഷ്ടിച്ച് രക്ഷപെട്ടത് പോലെ ഞാൻ പതുക്കെ കിടക്ക ലക്ഷ്യമാക്കി നടന്നു. കിടന്നു ഒരു പാട് വർണ്ണ കാഴ്ചകൾ, പുസ്തകങ്ങളിൽ നിന്നുള്ള മോചനം, ബാഗിൽ നിന്നുള്ള മോചനം, കുള്ളത്തി ഉണ്ടക്കണ്ണി ഹിന്ദി ടീച്ചറിൻ ചൂരൽ കഷായത്തിൽ നിന്നുള്ള മോചനം, എന്നെ വരിഞ്ഞു മുറുക്കിയ ചങ്ങലകൾ ഓരോന്നായി അഴിയുന്ന ഒരു സുഖം.  കോളേജിൻ മുറ്റത്ത്  ഒരു പാട് ചുരിദാറും മിടിയുമിട്ട കിളികൾ, കിളികളെ നോക്കികൊണ്ട്‌  കണ്ടക്ടർ പാസ്സെടുക്കാൻ വേണ്ടി മാത്രം ചുരുട്ടി പിടിച്ച നോട്ടു ബുക്കുമായി  ഒരു പാട് യുവ കോമളന്മാർ, അതിൽ ഒരുവന് എന്റെ അതെ മുഖച്ഛായ, അതെ അത് ഞാൻ തന്നെ.  

പെട്ടെന്ന് എന്റെ കാഴ്ചകളെ മറച്ചു കൊണ്ട് കുറെ ചേട്ടന്മാർ, എന്തുവാടേ ഫസ്റ്റ് ഇയർ തന്നെ വായി നോട്ടമോ, ഊരഡേയ് ................

Tuesday, April 30, 2013

നായ എല്ല ചെട്ടാ... ഒരു നായിന്റെ മോനാ ........... (ഒന്നാം ഗണ്ഡം)

ഡാ...  SSLC യുടെ റിസൾട്ട്‌ വന്നു എഴുനെല്ക്കാടാ.... ഉമ്മാന്റെ സ്നേഹ പൂർവമുള്ള വിളി. ഉടനെ ഞാൻ കിടക്കയിൽ നിന്നും തുള്ളി എഴുന്നേറ്റു, "എവിടെ എവിടെ എന്റെ ഫോട്ടോ എടുക്കാൻ വന്ന പത്രക്കാർ എവിടെ". പത്രക്കാരോ നീ എന്താടാ പറയുന്നത്. അതെ ഉമ്മ ഈ റാങ്ക് ഒക്കെ കിട്ടിയാൽ പത്രക്കാർ വന്നു ഫോട്ടോ എടുക്കില്ലേ .. ഉമ്മാ .. 

ഉമ്മാന്റെ രണ്ടും കണ്ണും പുറത്തേക്കു വന്നു. സോബോധം വീണ്ടു കിട്ടിയപ്പോൾ രണ്ടു കണ്ണും തള്ളി അകത്തു കയറ്റി  ഡോക്ടർ വനജ വെച്ച  വെപ്പ് പല്ല് കാട്ടി പൊട്ടി ചിരിച്ചു. ഹും..  ചിരിക്കുമ്പോൾ തൊണ്ട കുയലിന്റെ അങ്ങേ അറ്റം വരെ കാണുന്നത് കൊണ്ട് ഏട്ടന്മാരോട് പറഞ്ഞു വെപ്പ് പല്ല് വെപ്പിച്ചത് ഞാനാ എന്നിട്ട് എനിക്ക് നേരെ തന്നെ നോക്കി  ചിരിക്കണം എന്ന് പറയാൻ തോന്നിയതാ.  റാങ്കു കിട്ടുന്ന ദിവസമായിട്ടു കവിളിൽ ഫൌണ്ടേഷൻ ക്രീം ഇടാതെ എന്തിനാ റോസ് പൌഡർ ഇട്ടതു എന്ന് ആളുകള് ചോദിച്ചാൽ എനിക്ക് മറുപടി പറയാൻ വയ്യാത്തത് കൊണ്ട് ഞാൻ ഉമ്മാനെ ഒന്ന് നോക്കി. 

ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയത് കൊണ്ടാവണം എന്നെ സമാധാനിപ്പിക്കാം എന്ന നിലക്ക്  ഉമ്മ പറഞ്ഞു മോനെ മൂത്തത് വിളയാതെ കോട്ട തേങ്ങ ആയി, രണ്ടാമത്തേത് കൊട്ട തേങ്ങ ആവെണ്ടതാ പിന്നെ നേര്ച്ചയും നെയ്യും DDT യും ചച്ഛണകവുമൊക്കെ ഇട്ടു ഒരു വിധം തേങ്ങ ആയി കിട്ടി, പിന്നെ മൂന്നമാതെതിന്റെ കാര്യം തേങ്ങ ആയി കിട്ടിയെങ്കിലും കുറച്ചു മൂപ്പ് കൂടുതലാ പൊട്ടിച്ചാൽ വെള്ളംപോലും കിട്ടില്ല. പിന്നെ നാലാമൻ അവൻ മൂത്ത് മുള  വന്നു പോയോ എന്ന് സംശയമുണ്ട്‌. അവൻ പറയുന്നത് അവനും ചുറ്റുമുള്ളവർക്കും  ഒന്നും മനസ്സിലാവില്ല. തട്ടതിൻ മറയത്ത് ആയിശാനെ കണ്ടത് പോലെ ഉണ്ടാവും. സ്വയം പ്രക്യാപിത ബുദ്ധി ജീവി കൂടിയാണ്. പിന്നെ നിന്റെ കാര്യത്തിലെ എനിക്ക് ബെജാറുള്ളു. നീ വെറും വെളുചിങ്ങ (മച്ചിങ്ങ ) ആയി പോകോ എന്നു. 

ഉമ്മ എന്തിനാ എല്ലാവരെയും തേങ്ങയോട് ബന്ദിപ്പിച്ചതു.  ഏതു തെണ്ടിയാടാ ഉമ്മാനോട് എന്റെ സ്കൂളിലെ പേർ തെങ്ങയാണെന്നു പറഞ്ഞു കൊടുത്തത്.  പന്നി.....  ഞാൻ വല്ല പോലീസ് സുപ്രേണ്ടോ മറ്റൊ ആകട്ടെ. നിന്റെ കൂമ്ബിനിട്ടടിച്ചു തെങ്ങുമേൽ കയറ്റിചു തരാം. ഞാൻ സൈക്കിൾ  എടുത്തു മാതൃഭുമി ഓഫീസിലേക്ക് പോകാൻ പുറപ്പെട്ടതും,  പിന്നിൽ നിന്ന് ഉമ്മാന്റെ വിളി. പല്ല് തേച്ചു ചായ കുടിച്ചിട്ട് പൊടാ.. സിംഹവും പുലിയുമൊന്നും പല്ല് തെക്കാറില്ല. ഞാൻ ഉമ്മനോടുള്ള എന്റെ കലിപ്പ് തീർത്തു. പക്ഷെ എന്റെയല്ലേ ഉമ്മ അതെടാ അത് പോലെതന്നെ കഴുതയും. ടിം.. ടിം.. ടിം.. എനിക്കെതിരെ ഒരു കൌണ്ടർ കൂടി അടിച്ചു. 2 - 1 ഞാൻ വിജയ ശ്രീ ലാളിതനായി വരട്ടെ. നിങ്ങള്ക്കെതിരെ 10 കൌണ്ടർ അടിക്കും ഞാൻ എന്റെ മനസ്സില് ഗധ് ഗധിചു. 

ഗോപിയേട്ടന്റെ ഷോപ്പിലെ മുന്തിരി പാത്രത്തിൽ ഈച്ച കൂടിയത് പോലെ ആളുകൾ കൂടിയിരിക്കുന്നു. റാങ്ക് കിട്ടിയവനെ കണ്ടാൽ  എല്ലാവരും മാറി തരുമെന്ന പ്രതീക്ഷയിൽ ഞാൻ ഗമയോടെ തല ഉയരത്തി നിന്ന്. ഒരു തെണ്ടിയും മാറി തന്നില്ല. നന്തിയില്ലാത്ത വർഗ്ഗം. അപ്പോൾ മനസ്സില് ഒരു ലഡ്ഡു പൊട്ടി, എല്ലാവരുടെയും ഇടയിൽ ചെന്ന് കോട്ടുവായ ഇട്ടു. പല്ല് തെക്കാ ത്തിന്റെ ഉപയോഗം അപ്പോഴ എനിക്ക് മനസ്സിലായതു. ഒരു ഏര്യ തന്നെ ക്ലിയർ ആയി. ചവിട്ടിയും നിരങ്ങിയും വാ തുറന്നു പിടിച്ചും മുന്നോട്ടു നീങ്ങി. അവസാനം ഞാൻ കണ്ടെത്തി. റാങ്ക് നേടിയവരുടെ ലിസ്റ്റ് നോക്കി ഇല്ല അതിൽ ഞാൻ ഇല്ല . വീണ്ടും വീണ്ടും നോക്കി. പിന്നെ ഞാൻ വിത്ത്‌ ഹെല്ദ് ലിസ്റ്റിൽ നോക്കി ചിലപ്പോൾ ഒന്നാം റാങ്കിന്റെ കാര്യത്തില സംശയം വന്നത് കാരണം എന്റെ റിസൾട്ട് പിടിച്ചു വെച്ച് കാണുമൊ. (തുടരും)........... ഉദ്യോഗ ജനഗമായ രണ്ടാം  ഭാഗത്തിന് കാത്തു നില്ക്കുക .   

Wednesday, April 24, 2013

സോപ്പ് പ്ലീസ്..........

സപ്ലികളും സപ്ലികൾക്ക്  മേൽ സപ്ലികളുമായി നടക്കുന്ന, എന്തിനാ പഠിക്കുന്നത് എന്ന ചോദ്യം മാറി എന്തിനാ ജീവിക്കുന്നത് എന്ന് ആളുകൾ ചോദിച്ചു തുടങ്ങിയപ്പോൾ പ്രാണ രക്ഷാർത്ഥം  എറണാകുളത്തേക്ക് വണ്ടി കയറി രണ്ടു പേർക്ക് കിടക്കുന്ന കട്ടിലിൽ ആറു പേർക്ക്  എങ്ങിനെ സുഖമായി കിടന്നുറങ്ങാം എന്ന് കണ്ട് പിടിച്ച കാലം. 

അതിരാവിലെ വീട്ടിലുള്ളവരുടെ പുന്നാരമോൻ വിളിക്കെട്ടു  എഴുന്നേറ്റു  എട്ട് പട കിണറ്റിൽ നിന്ന് ശുദ്ധമായ വെള്ളം കോരിക്കുടിച്ച്  കുളിച്ചു ശീലിച്ച ഞാൻ അധിരാവിലെ  12 മണിക്കു ആരെങ്കിലും വന്നു മുട്ടിയാൽ മുട്ടിയവനെ തെറി വിളിച്ചു ബാത്‌റൂമിൽ പോയി പൈപ്പ് തുറന്നാൽ വെള്ളത്തിന്റെ കൂടെ ചുവന്ന നാട വിരകൾ ഉതിർന്ന് വീഴുന്നത് കണ്ട് പകച്ചു നിന്നിരുന്ന കാലം. 

ഇനി നമുക്ക് നമ്മുടെ കഥയിലേക്കും കഥാ പാത്രത്തിലേക്കും വരാം .. 

വൈകുന്നേരം 2 ബൈക്കും 6 ആളുകളും നഗരം... നഗരം മഹാ സാഗരം എന്നും പാടി നഗരം ചുറ്റി നടക്കുന്ന ഒരു സാധാരണ ദിവസം . ഏതോ ഒരു തെണ്ടിക്ക് ഹോട്ടലിൽ നിന്ന് തിന്നാൻ പൂതി. അമേരിക്കയിൽ നിന്ന് ചേട്ടന്മാരും ഗൾഫിൽ നിന്ന് ഉപ്പയും  അയച്ചു തരുന്ന പൂത്ത കാശ് എന്റെ കൈയിൽ നിറയെ ഉള്ളതു കാരണം ഞാൻ അവരോടു പറഞ്ഞു ഇന്ന് വേണ്ട നാളെ വരാം എന്ന്. പിന്നെ ശർമിയെ പ്രത്യേകം ഒര്മ്മിപ്പിക്കുകയും ചെയ്തു. ഡേയ് നിന്റെ ഉപ്പ കാത്തു നില്ക്കും. 

അതൊന്നും ഫലം കണ്ടില്ല  അവർ  കയറുക തന്നെ ചെയ്തു. നമ്മൾ കയറിയതും  ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌ എന്ന നിലക്ക് വെയ്ട്റ്റരുടെ കൈയിൽ നിന്നും പ്ലൈറ്റുകൾ ചിന്നി ചിതറിയതും ഒന്നിചായിരുന്നു.   അവൻ ദയനീയമായി എല്ലാവരെയും നോക്കി. അത് കണ്ടിട്ട് അവന്റെ ഒന്ന് രണ്ട് മാസത്തെ ശമ്പളം പോയത് പോലെ ഉണ്ട് . ഇതൊന്നും വക വെക്കാതെ ആർത്തി പണ്ടാരത്തെ പോലെ അനി  വാഷ് റൂമിലേക്ക്‌ കുതിച്ചു. പിന്നെ അവിടെ നിന്ന് കേട്ടത് "വയ്റ്റെർ...." എന്ന   ഒരു നില വിളി ആയിരുന്നു. ഒരു ഞെട്ടൽ മാറുന്നതിനു മുന്പ്  മറ്റൊരു നെട്ടലായി ഞങ്ങളെല്ലാവരും വാഷ് റൂമിലേക്ക് കുതിചു. 

ഭക്ഷണം കഴിക്കുന്നവർ കഴിക്കൽ നിർത്തി ആകംഷയോടെ വാഷ്‌ റൂമിലേക്ക് നൊക്കുകയാനു. വൈറെർ ഓടി കിതചെതി. എന്ത് പറ്റി എന്ന് എല്ലാവരും ഒരേ സ്വരത്തിൽ ചൊദിചു. അപ്പോൾ അവൻ ശബ്ദം താഴ്ത്തി പതുക്കെ ചോദിച്ചു. ഒരു സോപ്പ് കിട്ടൊ ചെട്ടാ. .ടിം ഞങ്ങൾ ചിരിക്കുന്നതിനിടക്ക് വാഷ്‌ ബൈസന്റെ മൂല നോക്കി വൈറ്റെർ ഫുൾ കലിപ്പോടെ  "താനെന്താടോ ആളെ കളിയാക്കുകയാ.. ഓരോരുത്താൻ വന്നോളും ആളെ മെനക്കെടുത്താൻ ....... സോപ്പല്ലെടാ അവിടെ ഇരിക്കുന്നതു..   "ഞാൻ സോപ്പ് ചോദിച്ചത് ആ സോപ്പ് കഴുകാനാ ചേട്ടാ ...  അനിയുടെ ഉത്തരവും പെട്ടെന്നായിരുന്നു. പിന്നെ അവിടെ കണ്ടതൊരു കൂട്ട ചിരി ആയിരുന്നു.